കൊച്ചി: മാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തി സംഘടനയെ തകർക്കാൻ ശ്രമിച്ചെന്നാരോപിച്ച് നടി അൻസിബ ഹസനെതിരെ കടുത്ത നടപടിയുമായി താരസംഘടനയായ അമ്മ (AMMA). സംഘടനയുടെ നിർദേശങ്ങൾ ലംഘിച്ച് പൊതുവേദികളിൽ പ്രസ്താവനകൾ നടത്തിയതിന് അൻസിബയ്ക്ക് ഔദ്യോഗികമായി കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഈ മാസം 17-ാം തീയതിക്കുള്ളിൽ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മുന്നറിയിപ്പ്.
അൻസിബയുടെ പരസ്യപ്രസ്താവനകൾ സംഘടനയുടെ പ്രതിച്ഛായയ്ക്ക് വലിയ കളങ്കമുണ്ടാക്കിയെന്നും, ആഭ്യന്തരപ്രശ്നങ്ങൾ ജനാധിപത്യപരമായി പരിഹരിക്കാമായിരുന്നിട്ടും താരം അതിന് മുതിർന്നില്ലെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ഫെബ്രുവരി 14-ന് നടന്ന ‘അമ്മ’യുടെ കുടുംബസംഗമത്തിന് സ്പോൺസർഷിപ്പ് സ്വീകരിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇപ്പോഴത്തെ വൻ പൊട്ടിത്തെറിയിലേക്ക് നയിച്ചത്.
ദല്ലാൾ നന്ദകുമാർ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാർ പ്രസിഡന്റായ വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്ര ട്രസ്റ്റിൽ നിന്നും ലക്ഷങ്ങൾ സ്പോൺസർഷിപ്പ് വാങ്ങുന്നതിനെ അന്നത്തെ ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ ശക്തമായി എതിർത്തിരുന്നു.

