കെഎസ്ആർടിസിയിൽ ഇനി ‘പ്രിയദർശിനി’ യുഗം; തിങ്കളാഴ്ച രാവിലെ 8.30 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾ തിരിച്ചറിയാൻ എന്ന പ്രത്യേക സ്റ്റിക്കറുകൾ

12 June 2026
കെഎസ്ആർടിസിയിൽ ഇനി ‘പ്രിയദർശിനി’ യുഗം; തിങ്കളാഴ്ച രാവിലെ 8.30 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾ തിരിച്ചറിയാൻ   എന്ന പ്രത്യേക സ്റ്റിക്കറുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി തിങ്കളാഴ്ച മുതൽ യാഥാർത്ഥ്യമാകുന്നു. തിങ്കളാഴ്ച രാവിലെ 8.30 മുതലായിരിക്കും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാനാകുക. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾ തിരിച്ചറിയാൻ ‘പ്രിയദർശിനി’ എന്ന പ്രത്യേക സ്റ്റിക്കറുകൾ പതിക്കുമെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ അറിയിച്ചു.

കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 15-ന് രാവിലെ 8.30-ന് തമ്പാനൂർ ബസ് ടെർമിനലിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ചരിത്രപരമായ ഈ യാത്രയുടെ ആദ്യ സർവീസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടുന്ന സംഘം ആദ്യ സർവീസിൽ കുറച്ചുദൂരം യാത്ര ചെയ്യും.

എങ്ങനെ തിരിച്ചറിയാം? ആർക്കൊക്കെ ലഭിക്കും?

  • ‘പ്രിയദർശിനി’ സ്റ്റിക്കർ: ഈ സ്റ്റിക്കർ പതിച്ച ബസുകളിലാണ് സ്ത്രീകൾക്ക് സൌജന്യ യാത്ര അനുവദിക്കുക.
  • ബസ് സർവീസുകൾ: ടൌൺ ടു ടൌൺ ഉൾപ്പെടെ ‘ഓർഡിനറി’ എന്നെഴുതിയ എല്ലാ ബസുകളിലും സൗജന്യം ലഭിക്കും. എന്നാൽ സിറ്റി ഫാസ്റ്റ് ബസുകളിൽ ഈ ആനുകൂല്യം ലഭ്യമാകില്ല.
  • രേഖകൾ ആവശ്യമില്ല: പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി സ്ത്രീകൾക്ക് പ്രത്യേക കാർഡുകളോ, സർട്ടിഫിക്കറ്റുകളോ, മുൻകൂർ രജിസ്ട്രേഷനോ ഒന്നും തന്നെ ആവശ്യമില്ല.
  • സീറോ ടിക്കറ്റ്: സൌജന്യ യാത്രയാണെങ്കിലും ചെലവുകൾ കൃത്യമായി കണക്കാക്കുന്നതിനായി യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും ‘സീറോ ടിക്കറ്റ്’ (Zero Ticket) നൽകുന്നതായിരിക്കും.

സാമ്പത്തിക ബാധ്യത സർക്കാരിന്; വിപണിക്ക് ഉണർവ്വേകും

ആദ്യഘട്ടത്തിൽ സംസ്ഥാനത്തുടനീളമുള്ള 3125 ഓർഡിനറി ബസുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സാമ്പത്തിക ബാധ്യത കെഎസ്ആർടിസിയുടെ ചുമലിൽ വെക്കില്ലെന്നും, ഇതിനായുള്ള തുക സർക്കാർ ഗ്രാന്റായി നൽകുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. പ്രതിദിനം രണ്ട് കോടിയിലധികം രൂപയാണ് ഇതിനായി സർക്കാരിന് ചെലവ് വരുന്നത്.