നിയമന വിവാദം: ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ.ബി. പ്രദീപ് രാജിവെച്ചു

13 June 2026
നിയമന വിവാദം: ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ.ബി. പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ഹൈക്കോടതിയിൽ ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പുതുതായി നിയമിതനായ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ അഡ്വ. കെ.ബി. പ്രദീപ് രാജിവെച്ചു. നിയമനത്തിന് പിന്നാലെ ഉയർന്ന ശക്തമായ രാഷ്ട്രീയ വിവാദങ്ങളെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രദീപ് രാജി സമർപ്പിച്ചത്. സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ എന്ന പ്രത്യേക തസ്തിക അനുവദിച്ചായിരുന്നു പ്രദീപിനെ നിയമിച്ചിരുന്നത്.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള ചെന്നൈയിലെ സ്വർണ്ണം പൂശൽ സ്ഥാപനമായ ‘സ്മാർട്ട് ക്രിയേഷൻസി’ന്റെ അഭിഭാഷകനായിരുന്നു കെ.ബി. പ്രദീപ്. ഈ കേസിൽ പ്രതിക്കൂട്ടിലുള്ള സ്ഥാപനത്തിന്റെ വക്കീലിനെ തന്നെ ദേവസ്വം വകുപ്പിന്റെ കേസുകൾ വാദിക്കാൻ സ്പെഷ്യൽ പ്ലീഡറാക്കിയത് കടുത്ത വീഴ്ചയാണെന്ന് കാണിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ശബരിമല കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഈ നിയമനത്തിന് പിന്നിലെന്ന ആരോപണവും ഉയർന്നു.