തിരുവനന്തപുരം: പുതിയ സർക്കാരിന്റെ പ്രഥമ ബജറ്റ് പണിപ്പുരയിൽ. സദ്ഭരണവും സഹാനുഭൂതിയും പ്രമേയമാക്കി, ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അടുത്ത വെള്ളിയാഴ്ച (ജൂൺ 19) സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും.
കേരളത്തിന്റെ ചരിത്രത്തിൽ ധനമന്ത്രിയെന്ന നിലയിൽ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയായി ഇതോടെ വി.ഡി. സതീശൻ മാറും. 1960-62 കാലയളവിൽ ധനവകുപ്പ് കൈകാര്യം ചെയ്ത ആർ. ശങ്കറാണ് ബജറ്റ് അവതരിപ്പിച്ച സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി. പിന്നീട് 2016-ൽ അന്നത്തെ ധനമന്ത്രി കെ.എം. മാണി രാജിവെച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ബജറ്റ് അവതരിപ്പിച്ചിരുന്നു.
ക്ഷേമപ്രവർത്തനങ്ങൾക്കും ജനകീയ വാഗ്ദാനങ്ങൾക്കും വലിയ മുൻഗണന നൽകുന്നതാവും പുതിയ ബജറ്റ് എന്നാണ് സൂചനകൾ. സാമൂഹ്യസുരക്ഷാ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ബജറ്റിൽ പ്രഖ്യാപിക്കപ്പെടുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം. യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗാരന്റി’ സാക്ഷാത്‌കരിക്കാനുള്ള സുപ്രധാന വകയിരുത്തലുകൾ ഈ ബജറ്റിലുണ്ടാകും.
പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് പ്രതിമാസം ആയിരംരൂപ സഹായധനം, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാപദ്ധതി തുടങ്ങിയവയ്ക്കും തുക വകയിരുത്തും. ആദ്യമായി വയോജനവകുപ്പ് രൂപവത്കരിച്ച സർക്കാരിന്റെ പ്രഥമ ബജറ്റിൽ വയോജനക്ഷേമത്തിന് കൈത്താങ്ങുണ്ടാവുമെന്നുറപ്പ്. ഇന്ധനവിലവർധനയുടെ പശ്ചാത്തലത്തിൽ നികുതിപരിഷ്കാരമുണ്ടാവുമോയെന്ന് കണ്ടറിയണം.

