സ്വർണ്ണക്കൊള്ളക്കേസിൽ സന്നിധാനത്ത് എസ്ഐടിയുടെ നിർണ്ണായക പരിശോധന

14 June 2026
സ്വർണ്ണക്കൊള്ളക്കേസിൽ സന്നിധാനത്ത് എസ്ഐടിയുടെ നിർണ്ണായക പരിശോധന

പത്തനംതിട്ട: വിവാദമായ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കൂടുതൽ കൃത്യത ഉറപ്പാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം (SIT) വിദഗ്ധ സംഘത്തോടൊപ്പം വീണ്ടും സന്നിധാനത്തെത്തി പരിശോധന ആരംഭിച്ചു.

മിഥുനമാസ പൂജകൾക്കായി വൈകിട്ട് അഞ്ചു മണിയോടെ ക്ഷേത്രനട തുറന്നതിനോടൊപ്പമാണ് ഈ നിർണ്ണായക തെളിവെടുപ്പും ആരംഭിച്ചത്. മുൻപ് സാമ്പിളുകൾ ശേഖരിച്ചപ്പോൾ വിദഗ്ധരുടെ അഭാവം ഉണ്ടായിരുന്നുവെന്ന ആക്ഷേപത്തെത്തുടർന്ന്, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഇത്തവണത്തെ പരിശോധന നടക്കുന്നത്.

സന്നിധാനത്തെ പ്രഭാമണ്ഡലവും കട്ടളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കിയാണ് സംഘം നിലവിൽ പരിശോധന നടത്തുന്നത്. ഇത്തവണ സാമ്പിളുകൾ ശേഖരിച്ച് കൊണ്ടുപോകുന്നതിന് പകരം, സ്വർണ്ണപ്പാളികൾ ഇളക്കി അവിടെ വെച്ച് തന്നെ വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധനകൾ പൂർത്തിയാക്കാനാണ് എസ്ഐടി പദ്ധതിയിട്ടിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജകൾ അവസാനിക്കുന്നതോടു കൂടി പരിശോധനകൾ പൂർത്തീകരിക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.