മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും, ഇറാന്റെ കൈവശമുള്ള യുറേനിയം ശേഖരം കരാറിന്റെ ഭാവി പ്രതിസന്ധിയിലാക്കുന്നു. ഇറാന്റെ പക്കലുള്ള 440 കിലോഗ്രാം യുറേനിയം ശേഖരത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസം നിലനിൽക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപരോധങ്ങൾ നീക്കുന്നതും സൈന്യത്തെ പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും യുറേനിയത്തിന്റെ കാര്യത്തിൽ ഇരുവിഭാഗവും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
നിലവിൽ ഇറാന്റെ പക്കലുള്ള യുറേനിയം 60 ശതമാനം വരെ സമ്പുഷ്ടീകരിച്ചതാണെന്നതാണ് അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നത്.60 ശതമാനം സമ്പുഷ്ടീകരിച്ച ശേഖരം വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ആയുധ നിലവാരത്തിലേക്ക് (90%) ഉയർത്താൻ സാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ ഈ ശേഖരം ഉപയോഗിച്ച് മാത്രം ഏതാണ്ട് 10 ആണവായുധങ്ങൾ വരെ നിർമ്മിക്കാൻ സാധിക്കുമെന്നും അവർ കണക്കാക്കുന്നു.
യുറേനിയം ശേഖരത്തിന്റെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.എന്നാൽ അമേരിക്കയുടെ ഈ ആവശ്യത്തെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് ഇറാന്റേത്. തങ്ങളുടെ പക്കലുള്ള യുറേനിയം ശേഖരം ഒരു കാരണവശാലും വിദേശത്തേക്ക് അയക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ഉത്തരവിട്ടിട്ടുണ്ട്. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ സമാധാന ചർച്ചകളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

