മൂന്നുമാസത്തിലേറെയായി ലോകത്തെ ഇന്ധനപ്രതിസന്ധിയിലേക്കും കടുത്ത വിലക്കയറ്റത്തിലേക്കും തള്ളിവിട്ട പശ്ചിമേഷ്യൻ യുദ്ധത്തിന് താല്കാലിക വിരാമം. ഇറാനും യു.എസും തമ്മിൽ ധാരണയിലെത്തിയ ഇടക്കാല സമാധാനക്കരാറോടെയാണ് നിലവിലെ യുദ്ധസാഹചര്യത്തിന് അയവ് വരുന്നത്. അറുപത് ദിവസത്തെ വെടിനിർത്തലാണ് കരാറിലെ പ്രധാന വ്യവസ്ഥ.
ഈ 60 ദിവസത്തെ വെടിനിർത്തൽ കാലയളവിനുള്ളിൽ ഇറാന്റെ ആണവപദ്ധതികൾ പൂർണ്ണമായും ഉപേക്ഷിപ്പിക്കാൻ കഴിയുമെന്നാണ് യു.എസ്. കണക്കുകൂട്ടുന്നത്. ഇറാൻ ആണവായുധം സ്വന്തമാക്കിയിരുന്നെങ്കിൽ ഇസ്രയേൽ എന്ന രാജ്യം തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
പശ്ചിമേഷ്യയിലെ ഏക ആണവരാഷ്ട്രമായ ഇസ്രയേൽ തങ്ങളുടെ ചിരവൈരികളായ ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ്. യുദ്ധത്തിന് താല്കാലിക വിരാമമാകുമ്പോഴും ആണവ പദ്ധതികളിൽ തങ്ങളുടെ അവകാശം പൂർണ്ണമായി വിട്ടുകൊടുക്കാൻ ഇറാൻ തയ്യാറായിട്ടില്ല. സിവിലിയൻ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം നടത്താൻ തങ്ങൾക്ക് പൂർണ്ണമായ അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ. ഈ കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ, 60 ദിവസത്തെ വെടിനിർത്തലിന് ശേഷം വരാനിരിക്കുന്ന ചർച്ചകൾ ഏറെ നിർണ്ണായകമാകും.

