നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ നീക്കം; ഒരുക്കങ്ങൾ വേഗത്തിലാക്കാൻ നിർദേശം

16 June 2026
നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ നീക്കം; ഒരുക്കങ്ങൾ വേഗത്തിലാക്കാൻ നിർദേശം

ന്യൂഡൽഹി: അടുത്ത വർഷം നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം അവസാനം തന്നെ നടത്താൻ കേന്ദ്ര ഭരണകൂടത്തിന്റെ ആലോചന. പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നിശ്ചിത സമയത്തിന് മുൻപേ തെരഞ്ഞെടുപ്പ് നടത്താൻ നീക്കം നടക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയതായാണ് വിവരം.

യഥാർത്ഥത്തിൽ 2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ രാജ്യത്ത് സെൻസസ് നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള ആലോചനകൾ സജീവമായത്.

സെൻസസിനായുള്ള വിവരശേഖരണത്തിനും തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കും ഒരേ ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കേണ്ടി വരുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഈ സാഹചര്യം ഒഴിവാക്കാനാണ് നീക്കം.

മണിപ്പൂരിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും
അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട മണിപ്പൂരിൽ നിലവിലെ പ്രത്യേക ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നേരത്തെ നടത്തില്ല. മണിപ്പൂരിലെ വോട്ടെടുപ്പ് പിന്നീട് പ്രത്യേകമായി നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. മണിപ്പൂർ ഒഴികെയുള്ള മറ്റ് നാല് സംസ്ഥാനങ്ങളിലെയും ജനവിധി ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കാനാണ് കേന്ദ്ര നീക്കം.