‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല, വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റുപറ്റി ; പരാജയത്തിൽ തുറന്നുപറച്ചിലുമായി പി. രാജീവ്

16 June 2026
‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ല, വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റുപറ്റി ; പരാജയത്തിൽ തുറന്നുപറച്ചിലുമായി പി. രാജീവ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിൽ പരസ്യമായ സ്വയംവിമർശനവുമായി മുൻ മന്ത്രിയും സിപിഐഎം നേതാവുമായ പി. രാജീവ്. തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിയ ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പി. രാജീവ് പറഞ്ഞു.

കമ്പ്യൂട്ടറിൽ ചെയ്യുന്നത് പോലെ രാഷ്ട്രീയത്തിൽ ‘Undo’ അടിക്കാൻ കഴിയില്ലല്ലോ എന്നും, ഈ മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു രീതിയിലുള്ള ബോധം സൃഷ്ടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം അരീക്കോട് നടന്ന ഇഎംഎസ് സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടിക്ക് തെറ്റുപറ്റിയതായും പി. രാജീവ് തുറന്നുസമ്മതിച്ചു.

വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമായിരുന്നു. ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ കൃത്യമായ നടപടിയെടുക്കാൻ എൽഡിഎഫിന് സാധിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് അവലോകന ചർച്ചകളിൽ പഴയ വിഭാഗീയതയുടെ നിഴലാട്ടമുണ്ടായതായി സിപിഐഎം സംസ്ഥാന സമിതിയുടെ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വലതുപക്ഷ മാധ്യമങ്ങളും സോഷ്യൽ മീഡിയയും പാർട്ടിക്കെതിരെ ബോധപൂർവ്വം ചമച്ച വിമർശനങ്ങൾ അതേപടി പാർട്ടി വേദികളിൽ അവതരിപ്പിക്കാനാണ് ചില നേതാക്കൾ ശ്രമിച്ചത്. പഴയ വിഭാഗീയതയുടെ അവശിഷ്ടങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ചർച്ചകളിൽ പങ്കെടുത്ത അപൂർവ്വം ചിലരുണ്ടെന്നും റിപ്പോർട്ടിൽ കടുത്ത വിമർശനമുണ്ട്.