കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നില്‍ ഹാജരായി.
കൊച്ചിയിലെ സോണൽ ഓഫീസിൽ ബുധനാഴ്ച രാവിലെ 10.25ഓടെയാണ് വീണ എത്തിയത്. ഭർത്താവും ബേപ്പൂർ എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് വീണ വാഹനത്തിൽ എത്തിയത്.
റിയാസ് ഇ.ഡി ഓഫീസിന് മുന്നിൽ വീണയെ ഇറക്കിയ ശേഷം മടങ്ങുകയായിരുന്നു. ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
നേരത്തെ ജൂൺ 12-ന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ സമയം നീട്ടി ചോദിച്ചിരുന്നു. തുടർന്ന് രണ്ടാമത് നൽകിയ സമൻസിന്റെ അടിസ്ഥാനത്തിലാണ് വീണ ഇപ്പോൾ ഇ.ഡിക്ക് മുന്നിലെത്തിയത്.
കഴിഞ്ഞ മാസം തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിനിടെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇത്തവണ കൊച്ചി ഓഫീസിന് മുന്നിൽ കേരള പൊലീസിനെയും സി.ഐ.എസ്.എഫിനെയും വിന്യസിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇ.ഡി പ്രധാനമായും ഉന്നയിക്കുന്ന ചോദ്യങ്ങൾ
പ്രത്യേകം തയ്യാറാക്കിയ വിശദമായ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ചോദ്യം ചെയ്യൽ നടത്തുന്നത്:
- സേവനം നൽകാതെയുള്ള പണം കൈപ്പറ്റൽ: ഐടി സേവനങ്ങളൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്നും വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക്സ് കമ്പനി 2.78 കോടി രൂപ കൈപ്പറ്റിയെന്ന എസ്.എഫ്.ഐ.ഒ (SFIO) കണ്ടെത്തലിലെ മറുപടി.
- പണത്തിന്റെ വിനിയോഗം: സിഎംആർഎല്ലിൽ നിന്നും ലഭിച്ച തുക എന്തിനാണ് വിനിയോഗിച്ചത്? ഈ പണം ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങുകയോ മറ്റ് നിക്ഷേപങ്ങൾ നടത്തുകയോ ചെയ്തിട്ടുണ്ടോ?
- എക്സാലോജിക്സിന്റെ വായ്പ: സിഎംആർഎൽ അനുബന്ധ സ്ഥാപനമായ എംപവർ ഇന്ത്യയിൽ നിന്നും 50 ലക്ഷം രൂപ വായ്പയെടുത്ത സാഹചര്യം എന്താണ്? ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിക്കാൻ ഉണ്ടായ കാരണം എന്താണ്?
- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: നിലവിൽ മരവിപ്പിച്ച എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടുകൾക്ക് പുറമേ മറ്റ് ഏതൊക്കെ അക്കൗണ്ടുകളുണ്ട്? അബുദാബിയിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് വഴി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ?
നേരത്തെ കേസിൽ സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ, മകൻ ശരൺ, മകൾ ഷിബി എന്നിവരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച മൊഴികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വീണ വിജയനെ ഇ.ഡി ഇപ്പോൾ ചോദ്യം ചെയ്യുന്നത്.

