പാലക്കാട്: കാഞ്ചിക്കോട് ഐഐടി കാമ്പസിൽ തമിഴ്നാട് സ്വദേശിയായ ഡാറ്റാ സയൻസ് എൻജനീയറിങ് വിദ്യാർഥിനിയെ ആക്രമിച്ച സംഭവം കവർച്ചാ ശ്രമമാണെന്ന് പോലീസ് വെളിപ്പെടുത്തി.
കേസിൽ അറസ്റ്റിലായ കൊൽക്കത്ത സ്വദേശി സുമനെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തുവന്നത്.
ആക്രമണം ആഭരണം കവരാൻ
വിദ്യാർഥിനികളുടെ സംഘം ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങുന്ന സമയം നോക്കി ആഭരണങ്ങൾ കവരുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇതിനായി കാമ്പസിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതി, വിദ്യാർഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ വിദ്യാർഥിനി ബഹളം വെച്ചതോടെ ഭയന്ന പ്രതി ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സമീപത്തെ അതിഥി തൊഴിലാളികളുടെ ക്യാമ്പിലേക്കാണ് ഇയാൾ ഓടിക്കയറിയതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കേസ് അന്വേഷിക്കുന്ന കസബ പോലീസ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. കാമ്പസിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.

