എൽസ 3 കപ്പൽ അപകടം;പരിസ്ഥിതി ആഘാതപഠനമില്ലാത്തതിൽ വിമർശനം

17 June 2026
എൽസ 3 കപ്പൽ അപകടം;പരിസ്ഥിതി ആഘാതപഠനമില്ലാത്തതിൽ വിമർശനം

കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ ‘എം.എസ്.സി. എൽസ 3’ (MSC Elsa 3) എന്ന ചരക്കുകപ്പൽ മുങ്ങി ഒരു വർഷം പിന്നിട്ടിട്ടും സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നടത്താത്തതിനെതിരെ കേരള ഹൈക്കോടതിയുടെ കടുത്ത വിമർശനം. കടലിൽ കിടക്കുന്ന അവശിഷ്ടങ്ങളും അപകടകരമായ രാസവസ്തുക്കളും സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് സ്വതന്ത്രവും ശാസ്ത്രീയവുമായ പരിശോധന അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.

വിഷയത്തിൽ അടിയന്തരമായി ഇടപെട്ടുകൊണ്ട് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ മന്ത്രാലയത്തെ കോടതി സ്വമേധയാ കക്ഷിചേർത്തു. ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ നിർണായക ഉത്തരവ്.

കപ്പലപകടം സൃഷ്ടിച്ച പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠിക്കാൻ ഏത് ഏജൻസിയെയാണ് നിയോഗിക്കുക, പഠനരീതി എങ്ങനെയായിരിക്കും, എത്ര സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കാൻ സാധിക്കും എന്നീ കാര്യങ്ങളിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തത വരുത്തണം.

കപ്പലപകടം മൂലം ഉപജീവനമാർഗ്ഗം തടസ്സപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ അടക്കമുള്ളവർ നൽകിയ പൊതുതാത്പര്യ ഹർജികളാണ് കോടതി പരിഗണിച്ചത്. അപകടം നടന്ന് ഒരു വർഷമായിട്ടും കൃത്യമായ നടപടികൾ സ്വീകരിക്കാത്തത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും തീരദേശ നിവാസികളെയും വലിയ ആശങ്കയിലാക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.