വാഷിങ്ടൺ: മാസങ്ങൾ നീണ്ട ആഗോള ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന ധാരണാപത്രം പ്രാബല്യത്തിൽ വന്നു. ഫ്രാൻസിൽ വെച്ച് കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഫ്രാൻസിലെ എവിയനിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് പശ്ചിമേഷ്യയിൽ സമാധാനത്തിന് വഴിതുറക്കുന്ന ഈ നിർണായക നീക്കം ഉണ്ടായത്.
ഈജിപ്തുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് ട്രംപ് ഈ ശുഭവാർത്ത പങ്കുവെച്ചത്. എന്നാൽ, ഇതൊരു അന്തിമ കരാറല്ലെന്നും താത്കാലിക ധാരണാപത്രം (MoU) മാത്രമാണെന്നും അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു. ഇറാൻ കൃത്യമായി വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന ശക്തമായ മുന്നറിയിപ്പും അമേരിക്കൻ പ്രസിഡന്റ് നൽകിയിട്ടുണ്ട്.
‘ഇറാൻ അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കും’
“ഇതൊരു തുടക്കം മാത്രമാണ്. ഇറാൻ കൃത്യമായി പെരുമാറിയില്ലെങ്കിൽ വീണ്ടും ബോംബാക്രമണം നടത്താൻ അമേരിക്ക മടിക്കില്ല,” വാർത്താസമ്മേളനത്തിൽ ട്രംപ് നിലപാട് വ്യക്തമാക്കി. മാസങ്ങളായി തുടരുന്ന മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾക്ക് താല്കാലിക ശമനമുണ്ടാക്കാനും ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ കരാർ.
ഇരുരാജ്യങ്ങളും തമ്മിൽ അന്തിമ സമാധാന ഉടമ്പടിയിലെത്തുന്നതിന് മുന്നോടിയായിട്ടുള്ള 60 ദിവസത്തെ ചർച്ചകൾക്കുള്ള സമയപരിധിയാണ് ഈ ധാരണാപത്രത്തിലൂടെ ലഭിക്കുന്നത്. എന്നിരുന്നാലും, മേഖലയിൽ പൂർണ്ണ സമാധാനം പുലരണമെങ്കിൽ ഇറാൻ്റെ ഭാഗത്തുനിന്നുള്ള സുതാര്യമായ സഹകരണം അത്യാവശ്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വാഷിങ്ടൺ.

