പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ച് യുഎഇ.
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കുന്ന ആദ്യ ഗൾഫ് രാജ്യമാണ് യുഎഇ. യുഎഇ മന്ത്രിസഭാ യോഗത്തിന്റേതാണ് ഈ നിർണായക തീരുമാനം.
പുതിയ നിയമപ്രകാരം 15 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലോഗ് ഇൻ ചെയ്യാൻ കഴിയരുത്. കുട്ടികൾക്ക് ഇത്തരം പ്ലാറ്റ്‌ഫോമുകൾ ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉടമകൾ കർശന നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിസഭ നിർദ്ദേശിച്ചു.
ഇതിനാവശ്യമായ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനികൾക്ക് 12 മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.
15 വയസ്സിൽ താഴെയുള്ളവർക്ക് നിലവിൽ സോഷ്യൽ മീഡിയയുടെ ആവശ്യമില്ലെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തൽ.
2024-ൽ പുറത്തുവന്ന ഒരു പഠനപ്രകാരം യുഎഇയിലെ കുട്ടികൾ പ്രതിദിനം കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും സമൂഹ മാധ്യമങ്ങളിൽ ചിലവഴിക്കുന്നുണ്ട്. ഇത് അവരുടെ പഠനത്തെയും വ്യക്തിത്വ വികാസത്തെയും സാരമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു.
കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും മുൻനിർത്തി ബ്രിട്ടൻ, മലേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ കുട്ടികളിലെ സാമൂഹികമാധ്യമ ഉപയോഗം നിരോധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ യുഎഇയും ഈ മാതൃകാപരമായ നിയമം നടപ്പിലാക്കുന്നത്.

