പമ്പ: ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർഥാടനകേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ തീർഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്താൻ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണെന്നും ഇത്തവണ അപ്പം, അരവണ എന്നിവയ്ക്ക് ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്തരുടെ സുഗമമായ ദർശനത്തിനും സുരക്ഷയ്ക്കും പോലീസ് സേനയും അഗ്നിരക്ഷാസേനയും സേനാ മേധാവികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കും. പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് മൂലമുള്ള മാലിന്യ പ്രശ്നം ഒഴിവാക്കാൻ പ്രത്യേക നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇടത്താവളങ്ങളിലെ സൗകര്യങ്ങളും വർധിപ്പിക്കും.
പമ്പയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ 6,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ജർമ്മൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും. തീർഥാടകര്ക്കായി 22 മെഡിക്കൽ എമർജൻസി യൂണിറ്റുകൾ സജ്ജമാക്കുമെന്നും മാലിന്യ നിർമാർജനം സമയബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെഎസ്ആർടിസി വഴി തീർഥാടകർക്കായി 461 ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയെയും ബന്ധിപ്പിച്ച് ‘ടെമ്പിൾ കണക്ടിവിറ്റി’ ഉറപ്പാക്കുമെന്നും റോഡ് സുരക്ഷ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

