പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ജീവനക്കാർ അടിച്ചുമാറ്റിയത് ഏഴു ലക്ഷത്തിലധികം രൂപ

16 October 2026
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ജീവനക്കാർ അടിച്ചുമാറ്റിയത് ഏഴു ലക്ഷത്തിലധികം രൂപ

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. സ്വകാര്യ സ്ഥാപനത്തിന്റെ ക്യുആർ സ്കാനർ ദുരുപയോഗം ചെയ്ത് ജീവനക്കാർ ഏഴു ലക്ഷം രൂപയിലധികം തട്ടിയെടുത്തു. ടോൾ പ്ലാസ മാനേജരുടെ പരാതിയെ തുടർന്ന് പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശ് സ്വദേശികളായ ഉമാശങ്കർ, മോണ്ടി രാജ്‍പുത്, ഹരിമോഹൻ, ശിം, നവീൻസിങ് ഭദോരിയ, ബിബിൻ രാജ്പുത് എന്നിവരാണ് ഈ കേസിൽ പ്രതികളായിട്ടുള്ളത്. ഇതിൽ ബിബിൻ രാജ്പുത് മാത്രമാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.

കസ്റ്റഡിയിലുള്ളയാൾ ഒഴികെയുള്ള മറ്റ് പ്രതികൾ കരാർ കാലാവധി കഴിഞ്ഞയുടൻ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരെ ഉടൻ തന്നെ കോഴിക്കോട്ടെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ, തട്ടിപ്പ് നടത്തിയ തുകയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നും, അന്വേഷണത്തിൽ തുക ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.