പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ്;  ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

16 October 2026
പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ്;  ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. ചോദ്യം ചെയ്യലിനായി 23-ന് ഹാജരാകാനാണ് സമൻസിൽ നിർദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് ഇഡി അയച്ചത്.

ഒക്ടോബർ 14-നാണ് സംഭവത്തിൽ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുത്തതിന് പിന്നാലെ മൂന്നാം ദിവസമാണ് ഇഡി അന്വേഷണത്തിലേക്ക് കടന്നതും കേസ് രജിസ്റ്റർ ചെയ്തതും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ ആരോപണങ്ങളിൽ രണ്ട് വെവ്വേറെ ഇസിഐആറുകളാണ് കേന്ദ്ര അന്വേഷണ ഏജൻസി തയ്യാറാക്കിയിട്ടുള്ളത്.

സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണയ്ക്ക് ലഭിച്ച 3.28 കോടി രൂപ പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ പിണറായി വിജയനും രണ്ടാമത്തെ കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതികൾ. രണ്ട് കേസുകളിലും വീണയെ പ്രതിയായി ചേർത്തിട്ടുണ്ട്.