കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ച് നാല് മരണം

16 October 2026
കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ച് നാല് മരണം

മൈസൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ച സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മലയാളികളായ അഫ്താബ്, ശ്രീജേഷ്, സുനിൽ എന്നിവരാണ് മരണപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുള്ളത്. മരിച്ച മറ്റൊരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൈസൂരുവിന് സമീപം ഹുൻസൂർ പെരിയപട്ടണയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കോഴിക്കോട്ടുനിന്ന് പുറപ്പെട്ട കാവേരി സ്ലീപ്പർ ബസ് എതിർദിശയിൽ വന്ന ചരക്കുലോറിയുമായി നേരിട്ട് ഇടിക്കുകയായിരുന്നു.

അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. ബസിന്റെ മുൻഭാഗത്തിരുന്ന മൂന്ന് പേർക്കാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ ജീവൻ നഷ്ടമായത്. ഇതിൽ ബസ് ഡ്രൈവറും ക്ലീനറും ഉൾപ്പെടുന്നുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. പരിക്കേറ്റ 14 പേരെ ഉടൻ തന്നെ ഹുൻസൂരിലെയും മൈസൂരുവിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി.