ഹോങ്കോങ്: രാജ്യാന്തര മാധ്യമങ്ങളിൽ വലിയ ചർച്ചയായ ഹോങ്കോങ് കൊലപാതകക്കേസിൽ കാമുകൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 30-കാരിയായ കാമുകി യെങ് ചോൻ-ഫാങ്ങിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 29-കാരനായ എൻജി കാ-സിംഗ് ആണ് കുറ്റക്കാരനാണെന്ന് ഹോങ്കോങ് ഹൈക്കോടതി വിധിച്ചത്. 2022 മുതൽ വിചാരണ നേരിട്ടിരുന്ന പ്രതി ഒടുവിൽ കോടതിയിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.
തങ്ങളുടെ ഫ്ലാറ്റിൽ വെച്ച് കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിക്കാൻ പ്രതി നടത്തിയ ശ്രമങ്ങളാണ് കേസിനെ കൂടുതൽ ഭീതിദമാക്കുന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹം ബെഡ്ഷീറ്റിലും പ്ലാസ്റ്റിക് കവറുകളിലും പൊതിഞ്ഞ് ഒരു കാർഡ്ബോർഡ് പെട്ടിയിലാക്കി. തുടർന്ന് ഈ പെട്ടി ഒരു ട്രോളിയിൽ വലിച്ച് ജനങ്ങൾ നിറഞ്ഞ തെരുവിലൂടെ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്.
യാത്രയ്ക്കിടയിൽ പാക്കറ്റ് പൊട്ടി മൃതദേഹത്തിന്റെ കാൽ പുറത്തേക്ക് തള്ളിനിൽക്കുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
കോടതിയിൽ വിചിത്ര വാദവുമായി പ്രതിതടിയും ശരീരഭാരവും കുറയ്ക്കാൻ കാമുകിയെ സഹായിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് പ്രതി പോലീസിനോടും കോടതിയിലും വാദിച്ചത്.
വ്യായാമത്തിനിടയിൽ കാമുകി ഉറങ്ങിപ്പോയെന്നും, അവളെ ഉണർത്താനായി തല്ലിയപ്പോൾ ഭാരക്കുറവുള്ള അവൾ മരണപ്പെടുകയുമായിരുന്നു എന്നായിരുന്നു പ്രതിയുടെ വിചിത്രമായ മൊഴി.എന്നാൽ സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, പ്രൊസിക്യൂഷൻ ഈ വാദങ്ങളെല്ലാം ശക്തമായി എതിർത്തു.
പ്രതി കാമുകിയെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി ബോധപൂർവ്വം കൊലപ്പെടുത്തിയതാണെന്ന് തെളിവുകൾ സഹിതം കോടതിയിൽ വ്യക്തമായി. ഒടുവിൽ പ്രതിക്ക് രക്ഷപ്പെടാൻ മറ്റ് വഴികളില്ലാതെ വരികയും കുറ്റം സമ്മതിക്കുകയുമായിരുന്നു.

