സംസ്ഥാനത്ത് സാംക്രമിക രോഗഭീതി: തിരുവനന്തപുരത്ത് എംപോക്സ് സ്ഥിരീകരിച്ചു; 19 പേർക്ക് കൂടി ഷിഗെല്ല, ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

18 June 2026
സംസ്ഥാനത്ത് സാംക്രമിക രോഗഭീതി: തിരുവനന്തപുരത്ത് എംപോക്സ് സ്ഥിരീകരിച്ചു; 19 പേർക്ക് കൂടി ഷിഗെല്ല, ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. തലസ്ഥാനത്ത് ഒരാൾക്ക് എംപോക്സ് (കുരങ്ങ് പനി) സ്ഥിരീകരിച്ചതിന് പിന്നാലെ 19 പേർക്ക് കൂടി ഷിഗെല്ല രോഗബാധയും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43-കാരനാണ് പുതുതായി എംപോക്സ് സ്ഥിരീകരിച്ചത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് എംപോക്സ് ബാധിച്ചവരുടെ ആകെ എണ്ണം എട്ടായി ഉയർന്നു. ഈ മാസം ആദ്യവാരത്തിലാണ് ഒടുവിലത്തെ കേസ് റിപ്പോർട്ട് ചെയ്തത്.

നാല് ജില്ലകളിൽ ഷിഗെല്ല ‘ഔട്ബ്രേക്ക്’; ജൂണിൽ മാത്രം 110 കേസുകൾ

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയും ദ്രുതഗതിയിൽ പടരുകയാണ്. ഇന്ന് മാത്രം 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 9, തൃശൂർ 3, തിരുവനന്തപുരം 2, കണ്ണൂർ 2, കൊല്ലം 1, എറണാകുളം 1, മലപ്പുറം 1 എന്നിങ്ങനെയാണ് ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകൾ. ജൂൺ മാസത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗബാധയുണ്ടായത്.

രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് നിലവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ ആരോഗ്യവകുപ്പ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ ആകെ 186 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 110 കേസുകളും ഈ ജൂൺ മാസം മാത്രം സ്ഥിരീകരിച്ചവയാണ്. മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7) എന്നിവിടങ്ങളിലും ഈ മാസം രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡെങ്കിപ്പനിയും അമീബിക് മസ്തിഷ്ക ജ്വരവും പടരുന്നു; തൃശൂരിൽ മരണം

മറ്റ് പകർച്ചവ്യാധികളും സംസ്ഥാനത്ത് കടുത്ത ഭീഷണിയുയർത്തുന്നുണ്ട്. ഇന്ന് മാത്രം 68 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തൃശൂർ നാട്ടികയിൽ ഒരാൾ ഡെങ്കി ബാധിച്ച് മരണപ്പെടുകയും ചെയ്തു. ഇതിന് പുറമെ സംസ്ഥാനത്ത് ഒരാൾക്ക് കൂടി അതീവ മാരകമായ അമീബിക് മസ്തിഷ്ക ജ്വരം (Amebic Meningoencephalitis) സ്ഥിരീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.