റബറിന്റെ കുറഞ്ഞ പിന്തുണ വില (തറവില) കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായി ഉയർത്തി.
കർഷകരെ സഹായിക്കുന്ന ഈ പ്രഖ്യാപനത്തിനൊപ്പം കൃഷി, ടൂറിസം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന നിരവധി പദ്ധതികളും ബജറ്റിൽ അവതരിപ്പിച്ചു.
യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി പ്രത്യേക പദ്ധതി ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനൊപ്പം വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകൾ തുറക്കുന്ന ‘ഫാം ടൂറിസം’ രീതികളെ പ്രോത്സാഹിപ്പിക്കാനും തുക വകയിരുത്തി.
സംസ്ഥാനത്തെ ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. അടുത്ത 3 വർഷത്തിനുള്ളിൽ കേരളത്തിലെ പ്രതിദിന പാൽ ഉത്പാദനം 1 കോടി ലിറ്ററാക്കി ഉയർത്തി ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി തുക 75 രൂപയാക്കി ഉയർത്തി. കൂടാതെ ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാർപ്പിട പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശവാസികൾക്ക് പൂർണ്ണമായും പട്ടയം നൽകാനുള്ള നടപടികളും വേഗത്തിലാക്കും.

