തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ തുക 3,000 രൂപയായി വർദ്ധിപ്പിക്കുന്നതിൽ യാതൊരുവിധ കാലതാമസവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു.
പെൻഷൻ കൃത്യമായി ജനങ്ങളിലേക്ക് എത്തുന്നതിനായി എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. മുൻപ് പെൻഷൻ തുക 1,600 രൂപയിൽ നിന്നും 2,000 രൂപയാക്കി മാറ്റാൻ എൽ.ഡി.എഫ് സർക്കാർ നാലേമുക്കാൽ വർഷത്തെ കാലതാമസമാണ് വരുത്തിയത്.
എന്നാൽ ആ അവസ്ഥ ഈ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും പ്രഖ്യാപിച്ച വാഗ്ദാനം വൈകാതെ തന്നെ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 24-ാം തീയതി മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
അതേസമയം, സ്ത്രീസുരക്ഷാ പെൻഷന്റെ കാര്യത്തിൽ നിലവിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും, എന്നാൽ ‘ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി’ സർക്കാർ ഉടൻ തന്നെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നിലവിൽ അർഹതയില്ലാത്ത ചിലരും ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോസ് ഏഞ്ചലസിലുള്ള ഒരാൾ വിളിച്ച് പെൻഷൻ സംബന്ധിച്ച് പരാതി പറഞ്ഞതായി ഉദ്യോഗസ്ഥർ തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി.
“ലോസ് ഏഞ്ചലസിൽ നിന്നും വിളിച്ചയാൾ പെൻഷൻ വാങ്ങുന്ന ഏതെങ്കിലും ഒരു അമ്മയുടെ മകനായിരിക്കാം. ആ അമ്മ ഒരുപക്ഷേ മകന്റെ സംരക്ഷണത്തിലായിരിക്കില്ല ഇവിടെ കഴിയുന്നത്. മകൻ അവിടെയുള്ളതുകൊണ്ട് അയാൾ അവിടെപ്പോയതാകാം. അതിനെ ഒരു അയോഗ്യതയായി കണ്ട് പെൻഷൻ നിഷേധിക്കുന്നത് ശരിയാണോ എന്ന് സംശയമുണ്ട്,” പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ പറഞ്ഞു.

