കൊട്ടാരക്കര: നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി നാല് പേർ മരിച്ചു.ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്. മരിച്ചവരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ട്യൂട്ടോറിയൽ അധ്യാപകനായ ഹരിലാൽ (54), പാർത്ഥിപ് (15),അജയകുമാർ (45) എന്നിവരാണ് മരിച്ച മൂന്ന് പേർ. മകനെ ബസ് കയറ്റിവിടാൻ വേണ്ടി സ്റ്റോപ്പിൽ എത്തിയതായിരുന്നു അജയകുമാർ.
അമിത വേഗതയിലായിരുന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് മറിയുകയായിരുന്നു. മണ്ണ് കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞതിനെ തുടർന്ന് ബസ് കാത്തുനിൽക്കുകയായിരുന്നവർ മണ്ണിനടിയിൽപ്പെടുകയായിരുന്നു. അപകടത്തിൽ ലോറിയും പൂർണ്ണമായും തകർന്നു.
അപകടത്തിൽ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന കുശാൽ (15), നവനീത് (13), ജിബിമോൾ (15), ഋഷഭ് (15) എന്നീ വിദ്യാർത്ഥികൾക്കും ടിപ്പർ ലോറി ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.
പ്രദേശവാസികളും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

