തിരുവനന്തപുരം: അടുത്ത കാലത്തായി പാർട്ടിയിലുണ്ടായ സംഘടനാ ദൗർബല്യങ്ങളെ ഗൗരവത്തോടെ കാണണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ ശൈലജ. ജനങ്ങളെ അണിനിരത്തിയുള്ള സമരങ്ങൾക്കും ചിട്ടയായ പ്രവർത്തനങ്ങൾക്കും പ്രാദേശിക-മേൽത്തട്ടുകളിലെ പാർട്ടി സംവിധാനം കൂടുതൽ ശക്തമാകേണ്ടതുണ്ട്.
പാർട്ടി ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളുടെ പ്രവർത്തനങ്ങളിൽ നിലവിൽ പ്രകടമായ പിന്നാക്കാവസ്ഥയുണ്ടെന്നും, വർഗസമര ഊന്നലിലേക്ക് പാർട്ടി തിരിച്ചുപോകേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ‘ചിന്ത’ വാരികയിലെഴുതിയ ലേഖനത്തിലാണ് ശൈലജ ടീച്ചറുടെ തുറന്നുപറച്ചിലുകൾ.
പ്രവർത്തകരുടെയും നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളെ ലേഖനത്തിൽ കർശനമായി വിമർശിക്കുന്നുണ്ട്. നേതാക്കളുടെ പെരുമാറ്റം, ഭാഷാശൈലി, ജീവിതരീതി എന്നിവ സ്വയം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും തെറ്റുകൾ കണ്ടാൽ തിരുത്താൻ മടിക്കരുതെന്നും കെ.കെ ശൈലജ വ്യക്തമാക്കുന്നു.
ലേഖനത്തിലെ പ്രധാന നിരീക്ഷണങ്ങൾ:
വോട്ടുചോർച്ചയും തിരുത്തലുകളും: ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ച ഗൗരവമായി പരിശോധിക്കണം. തെറ്റിദ്ധാരണകൾ കാരണം പാർട്ടിയിൽ നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാൻ സാധിക്കണം.
വിലപ്പോയ നുണപ്രചാരണങ്ങൾ: ചില പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് യുഡിഎഫിൽ ചേർന്ന് മത്സരിച്ച് വിജയിച്ച സാഹചര്യം വരെയുണ്ടായി. ഇടതുപക്ഷ അനുഭാവികളെയും പാർട്ടി അംഗങ്ങളെയും യഥാർത്ഥ കാര്യങ്ങൾ ധരിപ്പിച്ച്, നുണപ്രചാരണങ്ങളെ പ്രതിരോധിച്ച് മുന്നോട്ട് പോകാൻ കഴിയണം.
വിശ്വാസികളും ഇടതുപക്ഷവും: മതവിശ്വാസത്തെയും ആരാധനാലയങ്ങളെയും സംരക്ഷിക്കാൻ കേരളത്തിൽ എക്കാലത്തും മുന്നിൽ നിന്നിട്ടുള്ളത് ഇടതുപക്ഷമാണ്. എന്നാൽ, ഇടതുപക്ഷം വിശ്വാസത്തിന് എതിരാണെന്ന രീതിയിൽ എതിരാളികൾ നടത്തിയ ദുഷ്പ്രചാരണങ്ങളിൽ ഒരു വിഭാഗം ജനങ്ങൾ വീണുപോയെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
വിശ്വാസികളുടെ പ്രാർത്ഥനാ സ്വാതന്ത്ര്യം ആക്രമിക്കപ്പെടുമ്പോൾ എന്നും സംരക്ഷണ കവചമായി നിന്നിട്ടുള്ളത് ഇടതുപക്ഷമാണെന്നും, ഈ യാഥാർത്ഥ്യം ജനങ്ങളിലേക്ക് എത്തിച്ച് വീഴ്ചകൾ തിരുത്തി മുന്നോട്ട് പോകണമെന്നും കെ.കെ ശൈലജ ലേഖനത്തിലൂടെ ആവശ്യപ്പെടുന്നു.

