സംസ്ഥാനത്തെ പവർക്കട്ടിന് കാരണം പസഫിക് സമുദ്രത്തിലെ ‘എൽ നിനോ’: നിയമസഭയിൽ വിചിത്ര വാദവുമായി മന്ത്രി സണ്ണി ജോസഫ്

23 June 2026
സംസ്ഥാനത്തെ പവർക്കട്ടിന് കാരണം പസഫിക് സമുദ്രത്തിലെ ‘എൽ നിനോ’: നിയമസഭയിൽ വിചിത്ര വാദവുമായി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള കറണ്ട് കട്ടിനും രൂക്ഷമായ വൈദ്യുതി ക്ഷാമത്തിനും കാരണം പസഫിക് സമുദ്രത്തിലെ ‘എൽ നിനോ’ പ്രതിഭാസമാണെന്ന വിചിത്ര വാദവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

രാത്രികാലങ്ങളിലെ (പീക്ക് അവർ) പവർക്കട്ട് എത്രനാൾ തുടരേണ്ടി വരുമെന്ന വി. ജോയ് എം.എൽ.എയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. എന്നാൽ, ഈ നിയന്ത്രണങ്ങൾ എപ്പോൾ അവസാനിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഒരു ഉറപ്പും നൽകാൻ മന്ത്രി തയ്യാറായില്ല.

എൽ നിനോ പ്രതിഭാസം ശക്തമായതിനെ തുടർന്ന് രാജ്യത്തുടനീളം അന്തരീക്ഷ ഊഷ്മാവ് വൻതോതിൽ വർദ്ധിച്ചതാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം

ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്ത് മൺസൂൺ എത്തിയെങ്കിലും മഴ ശക്തി പ്രാപിക്കാത്തതിനാൽ അന്തരീക്ഷ താപനില കുറഞ്ഞിട്ടില്ല. ഇത് കാരണം അണക്കെട്ടുകളിലെ ജലനിരപ്പും ഗണ്യമായി താഴ്ന്നു.

നിലവിൽ വിവിധ സ്രോതസ്സുകളിൽ നിന്നായി പൂർണ്ണതോതിൽ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും ആവശ്യകതയ്ക്കനുസരിച്ച് തികയുന്നില്ല.