തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവ് പുതിയ എൽഡിഎഫ് കൺവീനറായേക്കുമെന്ന് റിപ്പോർട്ടുകൾ. പദവി ഒഴിയാനുള്ള സന്നദ്ധത നിലവിലെ കൺവീനർ ടി.പി. രാമകൃഷ്ണൻ പാർട്ടി നേതൃത്വത്തെ അറിയിച്ചതോടെയാണ് പുതിയ കൺവീനർക്കായുള്ള ആലോചനകൾ സിപിഎമ്മിൽ സജീവമായത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടി.പി. രാമകൃഷ്ണൻ സ്ഥാനം ഒഴിയാൻ താല്പര്യം പ്രകടിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ, പ്രതിപക്ഷത്തിരിക്കുന്ന എൽഡിഎഫിനെ നയിക്കാൻ ഒരു യുവമുഖം വരുന്നത് മുന്നണിക്ക് കൂടുതൽ ഊർജ്ജം പകരുമെന്നാണ് പാർട്ടിയിലെ പൊതുവായ വിലയിരുത്തൽ.
കഴിഞ്ഞ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് പദവിയിലേക്ക് പി. രാജീവിന്റെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നു. എന്നാൽ കളമശ്ശേരിയിലെ അപ്രതീക്ഷിത പരാജയത്തോടെ അദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടമാവുകയായിരുന്നു.
എങ്കിലും പി. രാജീവിനെപ്പോലെയുള്ള ശക്തനായൊരു നേതാവിനെ മുന്നണിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് കൺവീനർ പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നത്.
പ്രതിപക്ഷ നിരയിൽ മുന്നണിയെ ശക്തമായി നയിക്കാനും മികച്ച ഏകോപനം ഉറപ്പാക്കാനും പി. രാജീവിന്റെ നേതൃത്വത്തിന് സാധിക്കുമെന്ന നിഗമനത്തിലാണ് സിപിഎം നേതൃത്വം. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടായേക്കും.

