തിരുവനന്തപുരം: എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ വൻ സംഘർഷത്തിന് പിന്നാലെ, ‘ബ്ലേഡ്’ പ്രയോഗത്തെച്ചൊല്ലി പോലീസും എസ്എഫ്ഐയും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകുന്നു.
മാർച്ചിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പോലീസിന്റെ ആരോപണം. എന്നാൽ, തങ്ങളെ മർദ്ദിക്കാനായി പോലീസ് തന്നെയാണ് ബ്ലേഡ് കൊണ്ടുവന്നതെന്ന് എസ്എഫ്ഐ നേതൃത്വം തിരിച്ചടിച്ചു. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ബ്ലേഡുകളുടെ ചിത്രങ്ങളും എസ്എഫ്ഐ പുറത്തുവിട്ടിട്ടുണ്ട്.
ആരാണ് ബ്ലേഡ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കർശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. മാർച്ചിലെ സംഘർഷത്തിൽ പെൺകുട്ടികൾ അടക്കം ഇരുപതോളം പ്രവർത്തകർക്ക് പരിക്കേറ്റതായി എസ്എഫ്ഐ അറിയിച്ചു.
കോവളം ഏരിയ കമ്മിറ്റി അംഗം അശ്വിന്റെ മുതുകിൽ പോലീസ് ബ്ലേഡ് കൊണ്ട് വരഞ്ഞതായും വിതുര ഏരിയ ജോയിന്റ് സെക്രട്ടറിക്ക് പരിക്കേറ്റതായും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു.
ഫീസ് വർദ്ധനവിനെതിരെ സമാധാനപരമായി സമരം ചെയ്ത പ്രവർത്തകരെ പോലീസ് അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ നേതൃത്വം കുറ്റപ്പെടുത്തി.
വനിതാ പോലീസിന്റെ സാന്നിധ്യമില്ലാതെയാണ് പെൺകുട്ടികളെ ക്രൂരമായി തല്ലിച്ചതച്ചതെന്നും മലപ്പുറത്തിന് പിന്നാലെ തലസ്ഥാനത്തും പോലീസ് മർദ്ദനമുറകൾ അഴിച്ചുവിടുകയാണെന്നും അവർ പറഞ്ഞു.
ഫീസ് വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കന്റോൺമെന്റ് ഗേറ്റിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും എസ്എഫ്ഐ മുന്നറിയിപ്പ് നൽകി.

