വെനസ്വേലയിൽ അതിശക്തമായ ഇരട്ട ഭൂചലനം

25 June 2026
വെനസ്വേലയിൽ അതിശക്തമായ ഇരട്ട ഭൂചലനം

കാരക്കാസ്: പടിഞ്ഞാറൻ വെനസ്വേലയിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ രണ്ട് അതിശക്തമായ ഭൂകമ്പങ്ങൾ കനത്ത നാശനഷ്ടം വിതച്ചതായി റിപ്പോർട്ട്.

ഭൂചലനത്തെത്തുടർന്ന് നിരവധി മരണങ്ങളുണ്ടായിട്ടുണ്ടാകാമെന്നും വൻതോതിൽ കെട്ടിടങ്ങൾ തകർന്നതായും യുഎസ് ജിയോളജിക്കൽ സർവേ (USGS) മുന്നറിയിപ്പ് നൽകി. ദുരന്തബാധിത പ്രദേശങ്ങളിൽ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.

റിക്ടർ സ്കെയിലിൽ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഏതാനും സമയത്തെ വ്യത്യാസത്തിൽ പടിഞ്ഞാറൻ വെനസ്വേലയെ പിടിച്ചുകുലുക്കിയത്.ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിത്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും വിവിധ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും വെനസ്വേലയ്ക്ക് അടിയന്തര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.