ലഹരിവസ്തുക്കൾ വിൽപന നടത്തിയ കട പോലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി

25 June 2026
ലഹരിവസ്തുക്കൾ വിൽപന നടത്തിയ കട പോലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി

മൂന്നാർ: നിരോധിത ലഹരിവസ്തുക്കൾ വിൽപന നടത്തിയ കട പോലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഇടുക്കി ജില്ലയിലെ പൂപ്പാറയിലാണ് ലഹരി കച്ചവടം തുടർന്ന കടയ്‌ക്കെതിരെ പോലീസിന്റെ കർശന നടപടിയുണ്ടായത്.

സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസിന്റെ ആവശ്യപ്രകാരം പഞ്ചായത്തിന്റെ സഹായത്തോടെയാണ് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഈ കട പൊളിച്ചുനീക്കിയത്.

ഈശ്വരൻ എന്നയാൾ പൂപ്പാറയിൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കടയിലാണ് ലഹരി വിൽപന നടന്നുവന്നത്. അമിതലാഭം ലക്ഷ്യമിട്ട് നിരോധിത ലഹരിവസ്തുക്കൾ വിറ്റ ഇയാൾക്കെതിരെ ശാന്തൻപാറ പോലീസ് അഞ്ചുതവണയാണ് കേസെടുത്തത്.എന്നാൽ തുടർച്ചയായി നിയമം ലംഘിച്ചിട്ടും കച്ചവടം നിർത്താൻ ഇയാൾ തയ്യാറാകാത്തതിനെത്തുടർന്ന് കട സ്വമേധയാ പൊളിച്ചുനീക്കാൻ പോലീസ് നോട്ടീസ് നൽകുകയായിരുന്നു.പോലീസ് നടപടിക്കെതിരെ ഈശ്വരൻ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാൻ ശ്രമിച്ചെങ്കിലും, മതിയായ രേഖകളില്ലാത്തതിനാൽ കോടതി ഹർജി തള്ളി. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായതോടെയാണ് പഞ്ചായത്തിന്റെ സഹായത്തോടെ പോലീസ് ബുൾഡോസർ ഉപയോഗിച്ച് കട പൂർണ്ണമായും നീക്കം ചെയ്തത്.

ലഹരി വിൽപന നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും ഇത്തരം കർശന നടപടികൾ തുടരുമെന്ന് പോലീസ് വ്യക്തമാക്കി. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന വിപുലമായ പദ്ധതിയുടെ ഭാഗമായാണ് നിലവിൽ ലഹരിമാഫിയക്കെതിരെയുള്ള പോലീസിന്റെ ഈ നീക്കം.