തൃശൂർ: വിലകുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വന്തം മുന്നണിക്കെതിരെയും സർക്കാരിനെതിരെയും പരസ്യവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.
നിയമസഭയിൽ സാമ്പത്തിക ബില്ലിൽ ഈ നിർദ്ദേശം വരുന്നതിന് മുൻപ് തന്നെ കോൺഗ്രസിനകത്തും യു.ഡി.എഫ് തലത്തിലും കൃത്യമായ ചർച്ചകൾ നടത്തണമായിരുന്നു എന്ന് സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
മദ്യനയവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ ഉചിതമായ തീരുമാനമെടുക്കുമെന്ന് പറയുമ്പോഴും, മുൻകൂട്ടിയുള്ള ചർച്ചകൾ ഇല്ലാത്തതാണ് സമൂഹത്തിൽ ആശങ്കകൾ വർദ്ധിപ്പിക്കുന്നതെന്ന് സുധീരൻ ചൂണ്ടിക്കാട്ടി.
സുധീരൻ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും വിമർശനങ്ങളും:
നികുതി ഇളവ് ഒഴിവാക്കണം: നിലവിലെ സാമ്പത്തിക ബിൽ അവതരിപ്പിക്കുമ്പോൾ മദ്യത്തിനുള്ള നികുതി ഇളവ് പൂർണ്ണമായും ഒഴിവാക്കണം. സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകരുത്.
ബാർ കണക്കുകൾ പുറത്തുവിടണം: കേരളത്തിൽ നിലവിൽ കൃത്യമായി എത്ര ബാറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന യഥാർത്ഥ കണക്കുകൾ പൊതുസമൂഹത്തിന് മുന്നിൽ പുറത്തുവരേണ്ടതുണ്ട്.
കരിമണൽ ഖനനത്തിൽ ആശങ്ക: ആലപ്പുഴ തീരദേശത്തെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ഇപ്പോഴും വലിയ അവ്യക്തത നിലനിൽക്കുന്നുണ്ട്. തീരദേശവാസികളുടെ ആശങ്ക കണക്കിലെടുത്ത് ആലപ്പുഴ തീരത്ത് ഒരു തരത്തിലുള്ള ഖനനവും അനുവദിക്കില്ലെന്ന് സർക്കാർ അടിയന്തരമായി പ്രഖ്യാപിക്കണം.
പ്രതിപക്ഷ നിലപാടിൽ ഉറച്ചുനിൽക്കണം: വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ എൽ.ഡി.എഫ് സർക്കാരിനെതിരെ ഉയർത്തിയ വിമർശനങ്ങൾ ഉൾക്കൊണ്ട് വേണം ഇപ്പോൾ ഭരണത്തിലിരിക്കുമ്പോൾ തീരുമാനങ്ങൾ എടുക്കാൻ. മുൻപ് സ്വീകരിച്ച നിലപാടുകളിൽ നിന്ന് പിന്നോട്ടു പോകരുത്.
മയക്കുമരുന്ന് മാഫിയക്കെതിരെ ആഭ്യന്തര വകുപ്പ് നിലവിൽ നടത്തുന്ന പ്രവർത്തനങ്ങൾ നന്നായി പോകുന്നുണ്ടെന്ന് വിലയിരുത്തിയ സുധീരൻ, എന്നാൽ മദ്യവ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽ കാര്യങ്ങൾ പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

