‘നഗരസഭയിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം, ആസൂത്രിത ഗൂഢാലോചന’; മേയർ വി.വി. രാജേഷിനെ സന്ദർശിച്ച് കെ. സുരേന്ദ്രൻ

25 June 2026
‘നഗരസഭയിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം, ആസൂത്രിത ഗൂഢാലോചന’; മേയർ വി.വി. രാജേഷിനെ സന്ദർശിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നടന്നത് സിപിഎം ഗുണ്ടകളുടെ ആസൂത്രിതമായ അഴിഞ്ഞാട്ടമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. സിപിഎം അക്രമത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഗരസഭ മേയർ വി.വി. രാജേഷ് ഉൾപ്പെടെയുള്ള കൗൺസിലർമാരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേയറും ഡെപ്യൂട്ടി മേയറും ഉൾപ്പെടെ ഒമ്പത് ബിജെപി കൗൺസിലർമാരാണ് നിലവിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. ഈ ആക്രമണത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു.

ആക്രമണത്തിൽ മേയർ വി.വി. രാജേഷിന്റെ കാലിന് ഫ്രാക്ചറുണ്ട്. ഡെപ്യൂട്ടി മേയറുടെ തലയ്ക്കാണ് അടിയേറ്റത്. ഒപ്പമുണ്ടായിരുന്ന മറ്റ് കൗൺസിലർമാർക്കും കടുത്ത പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ 50 വർഷമായി നഗരസഭയിൽ സിപിഎം നടത്തിവന്ന അഴിമതികൾ ഓരോന്നായി പുറത്തുവരുന്നതാണ് അവരെ പ്രകോപിപ്പിച്ചത്. ബിജെപി ഭരണത്തിന് കീഴിൽ തിരുവനന്തപുരം നഗരം വികസിക്കുന്നത് കാണുമ്പോഴുള്ള അസഹിഷ്ണുതയാണ് ഈ അക്രമത്തിന് പിന്നിൽ.

നഗരസഭയിലെ അക്രമ സംഭവങ്ങളിൽ യുഡിഎഫും ഇപ്പോൾ എൽഡിഎഫിനൊപ്പം ചേർന്നിരിക്കുകയാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് യുഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണം.

സിപിഎമ്മിന്റെ ഇത്തരം ആസൂത്രിത അക്രമങ്ങളെ ബിജെപി രാഷ്ട്രീയമായും ജനങ്ങളെ അണിനിരത്തിയും ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.