കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഒരുങ്ങുന്നു. കേതുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് വീണയെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിക്കുന്നത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്.
മുമ്പ് രണ്ട് തവണ ചോദ്യം ചെയ്തപ്പോഴും വീണ നൽകിയ മൊഴികളിൽ പല കാര്യങ്ങളിലും വ്യക്തതയില്ലെന്നാണ് ഇ ഡി സംഘത്തിന്റെ വിലയിരുത്തൽ. വിവാദമായ 2.78 കോടി രൂപയുടെ വിനിയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ വിശദീകരണം നൽകാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
കേസിലെ മറ്റ് പ്രധാന കക്ഷികളായ സിഎംആർഎൽ (CMRL) ഉന്നത ഉദ്യോഗസ്ഥരുടെ മൊഴികളും വീണ വിജയന്റെ മൊഴികളും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് മൊഴികളിലെ അവ്യക്തത നീക്കുന്നതിനായി വീണയെയും സിഎംആർഎൽ അധികൃതരെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ ഇ ഡി തീരുമാനിച്ചത്.
കേസിൽ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വീണ വിജയന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള കൂടുതൽ രേഖകൾ ഇ ഡി ശേഖരിച്ചുവരികയാണ്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിൽ ഐടി സേവനങ്ങൾക്കായി കരാറുണ്ടാക്കിയതിന്റെ യഥാർത്ഥ പശ്ചാത്തലമാണ് ഇ ഡി ഇപ്പോൾ അന്വേഷിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് സർക്കാർ തലത്തിൽ എന്തെങ്കിലും പ്രത്യേക ആനുകൂല്യങ്ങളോ വഴിവിട്ട സഹായങ്ങളോ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അത്തരം സഹായങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ പ്രത്യുപകാരമായിട്ടാണോ എക്സാലോജിക്കുമായി ഈ കോടികളുടെ കരാർ ഒപ്പിട്ടത് എന്നാണ് ഇ ഡി പ്രധാനമായും അന്വേഷിക്കുന്നത്.

