സ്‌കൂളിൽ ചാരായമെത്തിച്ച സംഭവം: രഹസ്യകേന്ദ്രങ്ങളിൽ നിന്ന് മദ്യം കടത്താൻ രണ്ടാനച്ഛൻ തന്നെ നിർബന്ധിച്ച് ഉപയോഗിച്ചിരുന്നതായി വിദ്യാർത്ഥി;കുട്ടിക്ക് നേരെ ക്രൂരമായ ശാരീരിക ഉപദ്രവങ്ങളും; സ്കൂളിൽ ഇന്റർവെൽ സമയത്ത് വിദ്യാർത്ഥികൾ മദ്യം കഴിച്ചെന്ന വെളിപ്പെടുത്തലുമായി പിടിഎ പ്രസിഡന്റ്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

26 June 2026

കോഴിക്കോട്: താമരശ്ശേരിയിൽ സ്‌കൂളിൽ വിദ്യാർത്ഥി വാറ്റ് ചാരായവുമായെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടിയെ രണ്ടാനച്ഛൻ മദ്യക്കടത്തിനായി ‘കാരിയർ’ ആയി ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. രഹസ്യകേന്ദ്രങ്ങളിൽ നിന്ന് മദ്യം കടത്താൻ രണ്ടാനച്ഛൻ തന്നെ നിർബന്ധിച്ച് ഉപയോഗിച്ചിരുന്നുവെന്നാണ് കുട്ടി പോലീസിന് നൽകിയ മൊഴി.

കുട്ടിക്ക് നേരെ ക്രൂരമായ ശാരീരിക ഉപദ്രവങ്ങളും രണ്ടാനച്ഛന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. മുൻപ് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം കുട്ടിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തിരുന്നതാണ്. എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അടിയന്തരമായി ബന്ധപ്പെടാൻ പോലീസ് കുട്ടിക്ക് ഫോൺ നമ്പറും കൈമാറിയിരുന്നു.

സംഭവത്തിൽ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സ്‌കൂളിലെ പിടിഎ (PTA) പ്രസിഡന്റ് രംഗത്തെത്തി. വിദ്യാർത്ഥി സ്‌കൂളിലേക്ക് മദ്യം കൊണ്ടുവരുന്നത് ഇത് മൂന്നാം തവണയാണെന്ന് അദ്ദേഹം പറഞ്ഞു. സഹപാഠികൾക്ക് വിതരണം ചെയ്യാനാണ് കുട്ടി മദ്യം എത്തിച്ചിരുന്നത്.

സ്‌കൂളിലെ ഇന്റർവെൽ സമയങ്ങളിലാണ് കുട്ടികൾ മദ്യം കഴിച്ചിരുന്നത്. ഏകദേശം അഞ്ചോളം വിദ്യാർത്ഥികൾ ഇത്തരത്തിൽ മദ്യം ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ മദ്യം നൽകാനുള്ള കുട്ടിയുടെ ശ്രമം ചില സഹപാഠികൾ നിരസിക്കുകയും വിവരം പുറത്തുപറയുകയും ചെയ്തതോടെയാണ് ഈ വൻ മാഫിയാ ഇടപാട് പുറത്തറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.