‘ഓപ്പറേഷൻ തൂഫാൻ’ വൻ വിജയം;ലഹരിവിരുദ്ധ പോരാട്ടം സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും വ്യാപിപ്പിക്കും:ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

26 June 2026
‘ഓപ്പറേഷൻ തൂഫാൻ’ വൻ വിജയം;ലഹരിവിരുദ്ധ പോരാട്ടം സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും വ്യാപിപ്പിക്കും:ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ ജൂൺ രണ്ടിന് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ വൻ വിജയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള ഈ ശക്തമായ കാമ്പെയ്ൻ വരുംദിവസങ്ങളിൽ സിനിമാ മേഖലയിലേക്കും രാഷ്ട്രീയ മേഖലയിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (SPC) നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ പരിപാടികൾ തികച്ചും കാര്യക്ഷമമാണെന്ന് മന്ത്രി പറഞ്ഞു.

“കേരളത്തിലെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സാണ് ഈ പദ്ധതിയുടെ ഭാഗമായി ആദ്യമായി രംഗത്തിറങ്ങിയ ‘തൂഫാൻ വാരിയേഴ്‌സ്’. നിലവിൽ സംസ്ഥാനത്തെ പതിനേഴായിരത്തോളം സ്‌കൂളുകളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ട്. വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളെ ഒന്നിച്ച് നിർത്തി ലഹരിക്കെതിരായി പോരാടുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം,” മന്ത്രി ചൂണ്ടിക്കാട്ടി.