തിരുവനന്തപുരം: ആറ്റുകാൽ സ്വദേശിനി ആരതി (27) വർക്കലയിലെ വാടകവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന വിരുദ്ധ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് വർക്കല പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
ക്രൂരമായ മർദ്ദനമെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് തങ്ങളുടെ മകളുടെ മരണത്തിന് കാരണം ഭർത്താവിന്റെയും വീട്ടുകാരുടെയും നിരന്തരമായ പീഡനമാണെന്ന് ആരതിയുടെ കുടുംബം ആരോപിക്കുന്നു.
ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ തന്നെ അതുൽ ആരതിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാൻ തുടങ്ങിയിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.
അതുൽ തന്നെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ആരതി മുൻപ് അമ്മയ്ക്ക് വാട്സാപ്പിലൂടെ അയച്ചുനൽകിയിരുന്നു. ഇത് കേസിൽ നിർണായക തെളിവായി മാറും.
മരണാനന്തര ഇൻക്വസ്റ്റ് നടപടികൾക്കിടെ യുവതിയുടെ ശരീരത്തിൽ 13-ഓളം മുറിവുകളും മർദ്ദനമേറ്റതിന്റെ പാടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വർക്കലയിൽ ഇരുവരും വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഭർത്താവിൽ നിന്നുമുള്ള ക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ സഹിക്കവയ്യാതെയാണ് ആരതി ജീവനൊടുക്കിയതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

