പത്തനംതിട്ട: ചിറ്റാറിൽ മുപ്പത്തഞ്ചുകാരനായ സന്ദീപിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറ്റാർ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചിറ്റാർ സ്വദേശിയായ സന്ദീപിനെ വീടിന് സമീപമുള്ള കുഴിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
താനുമായി അടുപ്പത്തിലായിരുന്ന യുവതിയെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നുവെന്ന് പറഞ്ഞാണ് സന്ദീപ് ഞായറാഴ്ച രാത്രി വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ പിന്നീട് ദുരൂഹ സാഹചര്യത്തിൽ സന്ദീപിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതിയുടെ ബന്ധുക്കൾ മകനെ ക്രൂരമായി മർദിച്ചതാണെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും സന്ദീപിന്റെ പിതാവ് സദാനന്ദൻ ആരോപിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, സന്ദീപിന്റെ മരണവിവരമറിഞ്ഞതിന് പിന്നാലെ വിവാഹിതയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. മരണ കാരണം കൃത്യമായി സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ വരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

