തിരുവനന്തപുരം: കനത്ത രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി – യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടയിൽ അജണ്ടകള്‍ വേഗത്തിൽ പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞതിന് പിന്നാലെയാണ് കോർപ്പറേഷൻ നടത്തളം യുദ്ധക്കളമായി മാറിയത്.
കാപ്പാ (KAAPA) കേസിൽപ്പെട്ട് നിലവിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം.
തുടർന്ന് ബിജെപി, എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ പരസ്പരം മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ കൈവിട്ടുപോവുകയായിരുന്നു.
പ്രതിഷേധത്തിനിടയിൽ കൗൺസിലർമാരുടെ ഹാജര്‍ രജിസ്റ്ററിനായി ബിജെപി – യുഡിഎഫ് അംഗങ്ങൾ തമ്മിൽ വൻ പിടിവലിയുണ്ടായി. രജിസ്റ്റര്‍ കീറിയെറിയാനും ശ്രമം നടന്നു.
തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർ അയോഗ്യനാക്കപ്പെടും. ജയിലിലുള്ള ബിജെപി കൗൺസിലർ ആർ. സുഗതൻ ഇന്ന് ഹാജർ രജിസ്റ്ററിൽ ഒപ്പിട്ടില്ലെങ്കിൽ അത് തുടർച്ചയായ രണ്ടാം തവണത്തെ അസാന്നിധ്യമാകും.
ഇത് ഒഴിവാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും, എന്നാൽ സുഗതന് ഒപ്പിടാൻ അവസരം നൽകില്ലെന്ന നിലപാടിലാണ് തങ്ങൾ ഹാജർ ബുക്ക് പിടിച്ച വാങ്ങിയതെന്നും യുഡിഎഫ് വ്യക്തമാക്കി.
അതിനിടെ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബിജെപി കൗൺസിലറുമായ ചെമ്പഴന്തി ഉദയനെതിരെ ഗുരുതര ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി.
ചെമ്പഴന്തി ഉദയന്‍ തങ്ങളുടെ വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നും യോഗത്തിന്റെ മിനുട്സ് ബുക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നുമാണ് യുഡിഎഫിന്റെ പരാതി.
കൗൺസിൽ യോഗത്തിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് കോർപ്പറേഷൻ ഓഫീസിനും പരിസരത്തും വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് ഇപ്പോഴും രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

