തിരുവനന്തപുരം: ഏറെ നാളായി കേരളക്കര ചർച്ച ചെയ്യുന്ന ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക തിരിവ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും അന്നത്തെ ഭരണസമിതിയും കേസിൽ പ്രതികളാണെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) വ്യക്തമാക്കി. 2025-ൽ നടന്ന സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പുതിയ പ്രതിപ്പട്ടിക പുറത്തുവന്നിരിക്കുന്നത്.
വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ സി.പി.എം ഭരണകാലത്തെ മറ്റൊരു പ്രമുഖ ബോർഡ് അംഗം കൂടി കേസിൽ പ്രതിപട്ടികയിലായി.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് പുറമെ ശബരിമല തന്ത്രി കണ്ഠര് രാജീവര്, ഉണ്ണികൃഷ്ണൻ പോറ്റി, പ്രമുഖ സ്വർണ്ണവ്യാപാരിയായ പങ്കജ് ഭണ്ഡാരി എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 2019-ൽ ആരംഭിച്ച വലിയൊരു ഗൂഢാലോചനയുടെ തുടർച്ചയാണ് 2025-ൽ നടന്ന സ്വർണ്ണക്കൊള്ളയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം. മഹേഷ് മോഹനര് ഉൾപ്പെടെയുള്ള മറ്റ് ചില വ്യക്തികളുടെ പങ്കും നിലവിൽ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.

