അദാനിയുടെ ധൈര്യത്തിന് പിന്നിൽ എന്ത് ? പിണറായി വിജയൻ

2 July 2026
അദാനിയുടെ ധൈര്യത്തിന് പിന്നിൽ എന്ത് ?  പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആഗോള ഷിപ്പിങ് കമ്പനിയായ എം.എസ്.സി.യുമായി (MSC) അദാനി ഗ്രൂപ്പ് ഉണ്ടാക്കിയ ഓഹരി പങ്കാളിത്ത കരാർ ഗുരുതരമായ നിയമലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

ഈ ഇടപാടിൽ ഒട്ടേറെ അസാധാരണ കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും ഇതിൽ സംസ്ഥാന സർക്കാർ അടിയന്തരമായി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുറമുഖത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിൽ നിയമപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം എന്നാണ് വ്യവസ്ഥ. ഇത് പൂർണ്ണമായി ലംഘിച്ചാണ് ജൂൺ 29-ഓടെ അദാനി ഗ്രൂപ്പ് ഓഹരി ഇടപാട് പൂർത്തിയാക്കിയത്.

സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ ഇത്തരമൊരു കരാറിലേർപ്പെടാൻ അദാനി ഗ്രൂപ്പിന് എങ്ങനെ ധൈര്യമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു. സെബിക്ക് (SEBI) അദാനി പോർട്ട് നൽകിയ അപേക്ഷയിൽ ഓഹരി ഇടപാട് നടന്നു കഴിഞ്ഞതായാണ് വ്യക്തമാക്കുന്നത്. ഇത് കേരളത്തിന്റെ താല്പര്യങ്ങൾക്ക് തികച്ചും വിരുദ്ധമാണ്.

വിഴിഞ്ഞം തുറമുഖം പുതിയ ഉടമയ്ക്ക് വിൽക്കുന്നതിന്റെ ആദ്യപടിയായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ എന്ന് പിണറായി വിജയൻ ആരോപിച്ചു. ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനിയായ എം.എസ്.സി. തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായാൽ അത് വലിയൊരു കുത്തകയായി മാറും. അങ്ങനെ വന്നാൽ മറ്റ് കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്തേക്ക് വരുന്നതിന് തടസ്സമുണ്ടാകുകയും, സംസ്ഥാനത്തിന് ലഭിക്കേണ്ട ന്യായമായ വരുമാനത്തിൽ വലിയ ഇടിവുണ്ടാകുകയും ചെയ്യുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.