തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതിൽ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്‌മെന്റിനെ കടുത്ത അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
സർക്കാരിനെ മുൻകൂട്ടി അറിയിക്കുകയോ യാതൊരുവിധ കൂടിയാലോചനകൾ നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ ആഗോള കപ്പൽചാൽ ഭീമന്മാരായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (MSC) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനമുണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായത് സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ്. ഈ കരാറിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതിയോടും അംഗീകാരത്തോടും കൂടി മാത്രമേ കൺസഷനറുടെ ഓഹരി ഘടനയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്താൻ പാടുള്ളൂ.
കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിർദേശങ്ങളും പൂർണ്ണമായും കര്‍ശനമായി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും ഈ വിഷയത്തിൽ സർക്കാർ തങ്ങളുടെ ഔദ്യോഗികമായ തുടർ നിലപാട് സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

