തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ നിർബന്ധമായും പിഎസ്‌സിക്ക് (PSC) റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ കർശന നിർദേശം നൽകി.
ഇക്കാര്യത്തിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്ന് വ്യക്തമാക്കി ഭരണപരിഷ്‌കാര വകുപ്പ് എല്ലാ വകുപ്പുകൾക്കും കത്തയച്ചു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാർ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക നിയമനങ്ങളിൽ വലിയ രീതിയിൽ അഴിമതി നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ കടുപ്പിക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിലാണ് ഇപ്പോൾ ഭരണപരിഷ്കാര വകുപ്പ് കർശന നിർദേശത്തോടെ കത്ത് നൽകിയിട്ടുള്ളത്. അടുത്ത ഘട്ടമായി, പിഎസ്‌സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച ഒട്ടനവധി പരാതികളിൽ സർക്കാർ നേരിട്ടുള്ള നടപടികളിലേക്ക് കടന്നേക്കും. സമീപകാലത്ത് നടന്ന ചില നിയമനങ്ങളിലെയും പരീക്ഷകളിലെയും ക്രമക്കേടുകളെക്കുറിച്ച് വിപുലമായ അന്വേഷണം നടത്താനും സർക്കാർ ഒരുങ്ങുകയാണ്.

