‘ശ്വേതയുടേത് കുറുക്കുവഴി, ലക്ഷ്യം വർഗീയ ധ്രുവീകരണം’; അമ്മയിലെ തർക്കത്തിൽ ശ്വേതാ മേനോനെതിരെ കടുത്ത ആരോപണങ്ങളുമായി നടിമാർ

4 July 2026
‘ശ്വേതയുടേത് കുറുക്കുവഴി, ലക്ഷ്യം വർഗീയ ധ്രുവീകരണം’; അമ്മയിലെ തർക്കത്തിൽ ശ്വേതാ മേനോനെതിരെ കടുത്ത ആരോപണങ്ങളുമായി നടിമാർ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ (AMMA) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. നടി ശ്വേതാ മേനോനെതിരെ കടുത്ത ആരോപണങ്ങളുമായി സംഘടനയിലെ ഒരു വിഭാഗം വനിതാ അംഗങ്ങൾ സംയുക്ത വാർത്താസമ്മേളനം നടത്തി. നടിമാരായ ഉഷ ഹസീന, അൻസിബ, മാലാ പാർവതി, മായാ വിശ്വനാഥ് എന്നിവരാണ് കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ച് ശ്വേതയ്ക്കും നിലവിലെ നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

സംഘടനയുടെ നേതൃത്വത്തിലേക്ക് കുറുക്കുവഴിയിലൂടെ എത്തിയ ആളാണ് ശ്വേതാ മേനോനെന്ന് ഉഷ ഹസീന ആരോപിച്ചു. തുടക്കം മുതൽ നടി അൻസിബയെ ഒറ്റപ്പെടുത്താനും അപമാനിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടന്നു.

ഇതേക്കുറിച്ച് ശ്വേതയോട് പരാതിപ്പെട്ടപ്പോൾ ‘നന്നായിപ്പോയി’ എന്നായിരുന്നു പ്രതികരണം.രമേഷ് പിഷാരടിയും ശ്വേതയും തമ്മിലുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ടത് കുറ്റകൃത്യമാണ്. ശ്വേത പറയുന്ന പല ഭാഗങ്ങളും മ്യൂട്ട് ചെയ്താണ് അത് പ്രചരിപ്പിച്ചത്.

“ബിജെപിയിൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്ന് ബാബുരാജ് പറഞ്ഞിരുന്നു. അംഗങ്ങളെ സ്ഥാനാർത്ഥികളാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. ഈ ആരോപണം തെറ്റായിരുന്നെങ്കിൽ അവർക്ക് ജനറൽ ബോഡിയിൽ മറുപടി പറയാമായിരുന്നു.”എന്ന് ഉഷ ഹസീന പറഞ്ഞു

‘കോർപ്പറേറ്റുകളുടെ 15 കോടി അമ്മയ്ക്ക് വേണ്ട’; വർഗീയ ധ്രുവീകരണമെന്ന് മാലാ പാർവതി പറഞ്ഞു . ബിജെപി നേതാവ് പത്മജ എസ്. മേനോന്റെയും അദാനിയുടെയും പേരെടുത്ത് പറഞ്ഞായിരുന്നു മാലാ പാർവതിയുടെ വിമർശനം.

അദാനിയുടെ 15 കോടി രൂപ ശ്വേത ഇടപെട്ട് ‘അമ്മ’യ്ക്ക് വാങ്ങി നൽകുമെന്ന് ബിജെപി നേതാവ് പത്മജ എസ്. മേനോൻ പറഞ്ഞിരുന്നു. എന്നാൽ സംഘടനയ്ക്ക് കോർപ്പറേറ്റുകളുടെ പണം ആവശ്യമില്ല.