പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ പീഡിപ്പിച്ചു: ആറുപേർ പൊലീസ് കസ്റ്റഡിയിൽ

4 July 2026
പത്തനംതിട്ടയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ പീഡിപ്പിച്ചു: ആറുപേർ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: പതിമൂന്നുകാരിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികളുൾപ്പെടെയുള്ളവർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ആറുപേരെ കൂടൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലായവരിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരും രണ്ടുപേർ പ്രായപൂർത്തിയായവരുമാണ്.

ആകെ പത്തുപേർ ചേർന്ന് തന്നെ പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത എട്ടുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

സ്കൂളിലെ ശുചിമുറിയിൽ വെച്ചും പെൺകുട്ടി അതിക്രമത്തിന് ഇരയായി. കൂടാതെ സ്കൂളിന് സമീപത്തുവെച്ചും, പ്രതിപ്പട്ടികയിലുള്ള ഒരു പെൺകുട്ടിയുടെ വീട്ടിൽവെച്ചും പീഡനം നടന്നതായി പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പീഡനത്തിന് വഴിയൊരുക്കി നൽകിയ സഹപാഠിയായ പെൺകുട്ടിയെ കേന്ദ്രീകരിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് , പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സ്കൂളിൽ വെച്ച് നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. അതിക്രമം നടത്തിയവരിൽ ഭൂരിഭാഗം പേരും പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർത്ഥികളാണ്.

ഇവർക്ക് പുറമെ, പുറത്തുനിന്നുള്ള ചിലരും തന്നെ പീഡിപ്പിച്ചതായും ഇവരെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.