ബെംഗളൂരു: ഓൺലൈൻ ബൈക്ക് ടാക്സി ആപ്പായ ‘റാപ്പിഡോ’ റൈഡറുടെ അശ്രദ്ധയെ തുടർന്ന് ബെംഗളൂരുവിൽ മലയാളി യുവതിക്ക് ദാരുണാപകടം. ഓഫീസിലേക്ക് പോകുന്നതിനിടെ ബൈക്കിൽ നിന്നും തെറിച്ചുവീണ കോഴിക്കോട് കുന്ദമംഗലം സ്വദേശിനി സാനി കൃഷ്ണന്റെ (32) ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഏകദേശം 13 ദിവസം മുൻപാണ് ബെംഗളൂരുവിൽ വെച്ച് ഈ ദാരുണമായ സംഭവം നടന്നത്. സാനി സഞ്ചരിച്ചിരുന്ന റാപ്പിഡോ ബൈക്ക് ഒരു ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ സാനിയുടെ ശരീരത്തിലൂടെ ട്രാക്ടറിന്റെ ചക്രങ്ങൾ കയറിയിറങ്ങി.
അപകടത്തിൽ യുവതിയുടെ 12 വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. കൂടാതെ കരൾ, വൃക്ക ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്തെ പരിക്കുകൾക്ക് പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ മൂന്ന് പ്രധാന ശസ്ത്രക്രിയകൾ ഇതുവരെ ചെയ്തുകഴിഞ്ഞു. കുറഞ്ഞത് മൂന്ന് മാസത്തെ പൂർണ്ണ ബെഡ് റെസ്റ്റാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
ഭീമമായ തുകയാണ് സാനിയുടെ ചികിത്സയ്ക്കായി കുടുംബത്തിന് ഇതുവരെ ചിലവായത്. 20 ലക്ഷത്തിലധികം രൂപ ഇതിനോടകം ചിലവിട്ടതായും ചികിത്സാ സഹായത്തിനായി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും കുടുംബം പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.
അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും റാപ്പിഡോ കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും ലഭ്യമായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ആപ്പിലെ ‘വുമൺ സേഫ്റ്റി’ (Women Safety) ഫീച്ചർ വഴി ബുക്ക് ചെയ്ത റൈഡായിരുന്നിട്ടും, യാത്രക്കാരിയുടെ സുരക്ഷ ഉറപ്പാക്കാനോ അപകടത്തിന് ശേഷം തിരിഞ്ഞുനോക്കാനോ കമ്പനി തയ്യാറായിട്ടില്ല.

