വീണ്ടും വയനാട് ഞെട്ടലിൽ….തുരങ്കപാത നിർമ്മാണ മേഖലയിലെ വൻ മണ്ണിടിച്ചിലിൽ തൊഴിലാളികളുടെ ബസും ഷെഡും മണ്ണടിയിൽ; വീണ്ടും മണ്ണിടിയാൻ സാധ്യതയെന്ന് നാട്ടുകാർ ; രക്ഷാപ്രവർത്തനം തുടരുന്നു

7 July 2026
വീണ്ടും വയനാട് ഞെട്ടലിൽ….തുരങ്കപാത നിർമ്മാണ മേഖലയിലെ  വൻ മണ്ണിടിച്ചിലിൽ  തൊഴിലാളികളുടെ ബസും ഷെഡും മണ്ണടിയിൽ; വീണ്ടും മണ്ണിടിയാൻ സാധ്യതയെന്ന് നാട്ടുകാർ ; രക്ഷാപ്രവർത്തനം തുടരുന്നു

കൽപറ്റ: വയനാട് ജില്ലയിലെ കള്ളാടി–മീനാക്ഷി പാലത്തിന് സമീപമുള്ള തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി പേർ മണ്ണിനടിയിൽപ്പെട്ടതായി സംശയം. കുടുങ്ങിയവരുടെ കൃത്യമായ എണ്ണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഗ്നിരക്ഷാസേന, പൊലീസ്, ദുരന്തനിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പ്രാഥമിക വിവരങ്ങൾ പ്രകാരം, തൊഴിലാളികളെ കൊണ്ടുവന്ന ബസിനും അവർ വിശ്രമിച്ചിരുന്ന ഷെഡിനും മുകളിലേക്കാണ് മണ്ണിടിഞ്ഞത്. നിർമാണത്തിനായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സംരക്ഷണഭിത്തിയും തകർന്നുവീണതായി റിപ്പോർട്ടുകളുണ്ട്. വാഹനങ്ങൾ ഉൾപ്പെടെ ചിലത് മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്.

പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. ഒരു വീടും സമീപത്തെ പള്ളിയും പൂർണമായും തകർന്നതായും ബസ് സ്റ്റോപ്പും പാലത്തിന്റെ ഭാഗങ്ങളും മണ്ണിനടിയിലായതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിവരമനുസരിച്ച്, അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നത് കണ്ടെത്തുന്നതിനായി വ്യാപകമായ തെരച്ചിൽ തുടരുകയാണ്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദീഖ് മുഖ്യമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതോടൊപ്പം റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടിലേക്ക് എത്താൻ നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മേപ്പാടി മേഖലയിൽ 226 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.