‘മണ്ണിടിഞ്ഞ് വരുന്നത് കണ്ട് ജീവനും കൊണ്ട് ഓടി’ ഓട്ടത്തിനിടയിൽ ഞാൻ താഴെ വീണു. പിന്നെ നോക്കുമ്പോൾ ഒരു ലോറിയുടെ അടിയിലായിരുന്നു. ദൈവഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ തിരികെ കിട്ടിയത്,”; മേപ്പാടി ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കൂടമ്മാൾ പറയുന്നു

7 July 2026
‘മണ്ണിടിഞ്ഞ് വരുന്നത് കണ്ട് ജീവനും കൊണ്ട് ഓടി’ ഓട്ടത്തിനിടയിൽ ഞാൻ താഴെ വീണു. പിന്നെ നോക്കുമ്പോൾ ഒരു ലോറിയുടെ അടിയിലായിരുന്നു. ദൈവഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ തിരികെ കിട്ടിയത്,”; മേപ്പാടി ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കൂടമ്മാൾ പറയുന്നു

കൽപ്പറ്റ: വയനാട് മേപ്പാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തോട്ടം തൊഴിലാളികളായ കൂടമ്മാളും ഭർത്താവ് ബാലകുമാറും. മേപ്പാടിയിലേക്ക് പോകാനായി ഇരുവരും ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു നാടിനെ നടുക്കിയ ദുരന്തം നേരിൽ കാണുന്നത്.

മുകളിൽ നിന്നും വലിയ തോതിൽ മണ്ണും പാറയും ഇടിഞ്ഞു വരുന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനാലാണ് തങ്ങൾക്ക് ഓടി രക്ഷപ്പെടാൻ സാധിച്ചതെന്ന് കൂടമ്മാൾ പറഞ്ഞു.

“ഞങ്ങൾ എസ്റ്റേറ്റിൽ പണിയെടുക്കുന്നവരാണ്. ബാങ്കിൽ പോകാനും സാധനങ്ങൾ വാങ്ങാനുമായി മേപ്പാടിക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു. മുകളിലേക്ക് നോക്കി നിൽക്കുമ്പോഴാണ് പെട്ടെന്ന് മണ്ണ് വരുന്നത് കണ്ടത്. കണ്ടയുടനെ ഞങ്ങൾ ജീവനും കൊണ്ട് ഓടി. ഓട്ടത്തിനിടയിൽ ഞാൻ താഴെ വീണു. പിന്നെ നോക്കുമ്പോൾ ഒരു ലോറിയുടെ അടിയിലായിരുന്നു. ദൈവഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ തിരികെ കിട്ടിയത്,” അവർ ആ ഞെട്ടലോടെ ഓർത്തു.

അപകടസമയത്ത് ബസ് സ്റ്റോപ്പിൽ തങ്ങൾ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും എന്നാൽ തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലാളികൾ ആ സമയത്ത് അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നും ഇവർ സ്ഥിരീകരിച്ചു. തങ്ങളുടെ വീടിനടുത്ത് വലിയ തോതിൽ മണ്ണ് കൂട്ടിയതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആശങ്കയുണ്ടായിരുന്നുവെന്നും അധികൃതരെ വിവരം അറിയിച്ചിരുന്നുവെന്നും കൂടമ്മാൾ പറഞ്ഞു