വയനാട് മേപ്പാടി ദുരന്തം:അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

8 July 2026
വയനാട് മേപ്പാടി ദുരന്തം:അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മേപ്പാടിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, പ്രദേശത്ത് തുടരുന്ന തുരങ്കനിർമാണവുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ വിശദമായ പഠനത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് സാങ്കേതികവും നിയമപരവുമായ നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തുരങ്കനിർമാണം നടക്കുന്നതിന് തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചിൽ ഉണ്ടായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ തുരങ്കനിർമ്മാണത്തിന് പാരിസ്ഥിതിക അനുമതി നൽകിയപ്പോൾ മുന്നോട്ടുവെച്ച കർശനമായ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും കരാർ ഏറ്റെടുത്ത കമ്പനി കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് സർക്കാർ പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മേഖലയിലെ അപകട സാധ്യതകൾ എന്തെല്ലാമാണെന്ന് കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും ഇനി പണി തുടരുക. നിലവിൽ നിർത്തിവെച്ചിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് ഈ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.