കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസ്: കെ. ബിജു ഐഎഎസിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

8 July 2026
കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസ്: കെ. ബിജു ഐഎഎസിനെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെ. ബിജു ഐഎഎസിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി ഹൈക്കോടതി.

ഈ ഉദ്യോഗസ്ഥൻ ഇപ്പോഴും സർവീസിൽ തുടരാൻ അർഹനാണോ എന്ന് കോടതി ആരാഞ്ഞു. നീതിന്യായ വ്യവസ്ഥയെ ഒന്നാകെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ നടപടികളാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതെന്നും, വിഷയത്തിൽ ബിജുവിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബിജു ഐഎഎസ് പുറത്തിറക്കിയ വിവാദ ഉത്തരവ് അദ്ദേഹം സ്വയം തയ്യാറാക്കിയതാണോ എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ സംശയം പ്രകടിപ്പിച്ചു. കേസിലെ പ്രതികൾ എഴുതിക്കൊടുത്ത കാര്യങ്ങൾ അതേപടി ജി.ഒ (G.O) നമ്പറിട്ട് ഉത്തരവായി ഇറക്കുകയായിരുന്നുവെന്ന് വേണം കരുതാനെന്ന് കോടതി വാക്കാൽ പരാമർശിച്ചു.

പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ തന്നെ കേസിലെ പ്രതികളുടെ കൈകളിൽ എത്തിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു.