തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ.
കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബംഗളൂരു വിധാൻ സൗധയിലെത്തി കർണാടക മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം.
ലഹരിക്കടത്ത് തടയുന്നതിനായി കേരള-കർണാടക അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്നും ഇതിനായി അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും ഡി. കെ. ശിവകുമാർ ഉറപ്പുനൽകി.
കേരള സർക്കാരിന്റെ ഈ ലഹരിവിരുദ്ധ ദൗത്യം ഇതര സംസ്ഥാനങ്ങൾക്ക് വലിയൊരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർനടപടികൾ സ്വീകരിക്കുന്നതിനായി കർണാടക ചീഫ് സെക്രട്ടറിക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപി മാരുടെ നിർണ്ണായക യോഗം ജൂലൈ 10 വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേർത്ത യോഗം തിരുവനന്തപുരം പോലീസ് ആസ്ഥാനത്താണ് സംഘടിപ്പിച്ചിരിക്കുന്നത്.

