തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിൽ ഗുരുതരമായ കരാർ വ്യവസ്ഥാ ലംഘനങ്ങൾ നടത്തിയതിന് അദാനി പോർട്ട്സിന് 15 കോടി രൂപ പിഴ.
കഴിഞ്ഞ രണ്ട് വർഷത്തിനിടെയുണ്ടായ വീഴ്ചകൾ മുൻനിർത്തി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ആണ് പിഴ ഈടാക്കിയത്. ഡോ. ദിവ്യ എസ്. അയ്യർ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ (MD) ആയിരുന്ന കാലയളവിലാണ് ഈ കർശന നടപടികൾ സ്വീകരിച്ചത്.
വ്യവസ്ഥകൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് എട്ട് തവണയാണ് വിഴിഞ്ഞം തുറമുഖ കമ്പനി അദാനി ഗ്രൂപ്പിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ ഇതിനോട് കൃത്യമായി പ്രതികരിക്കാൻ അദാനി പോർട്ട്സ് തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ.
കരാർ പ്രകാരം ഓരോ വർഷവും സമർപ്പിക്കേണ്ട കൃത്യമായ സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകുന്നതിൽ അദാനി പോർട്ട്സ് പരാജയപ്പെട്ടു.
വിഴിഞ്ഞം പദ്ധതിയുടെ തുക കൈകാര്യം ചെയ്യാൻ പ്രത്യേക ബാങ്ക് അക്കൗണ്ട് നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ഇതിലേക്ക് വരുന്ന തുക ഈ അക്കൗണ്ട് വഴി മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥ ലംഘിച്ച് പണം മറ്റ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തി.
സർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിച്ചതിന്റെ കൃത്യമായ കണക്കുകളോ വരുമാന സ്രോതസ്സോ ഹാജരാക്കാൻ കമ്പനി തയ്യാറായില്ല.
അദാനി പോർട്ട്സിന്റെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതക്കുറവുണ്ടെന്ന് എംഡിയായിരുന്ന ദിവ്യ എസ്. അയ്യർ കണ്ടെത്തുകയും, തുടർന്നുള്ള അന്വേഷണങ്ങൾക്കൊടുവിൽ 15 കോടി രൂപ പിഴ ചുമത്തുകയുമായിരുന്നു.

